15.8.10

പൂവേ പൊലി...

പൂക്കളമൊന്നു രചിക്കാം,ചിന്തുക-
ളീണത്തില്‍ പുഴപാടുമ്പോള്‍
താണുപറക്കുവതെന്തിനു ചിന്തക-
ളോണംവന്നു വിളിക്കുമ്പോള്‍.
തേനൂറുന്നൊരു സ്മരണയുമില്ലെ-
ന്നാകിലുമിവിടിനിയാമോദം
ഹൃദ്യസമൃദ്ധി പകര്‍ന്നുതരാനാ-
യരികിലണഞ്ഞു തിരുവോണം.
അഴകിന്‍ പീലിനിവര്‍ത്തുന്നങ്കണ
നടയില്‍ ദിനകരനതിവേഗം,
അഴലിന്‍ ചങ്ങല പൊട്ടിച്ചെറിയുക
മനമേ,നുകരുകയാവോളം.
കണ്ണുമടച്ചു കിടപ്പാണറയില്‍
പൊണ്ണനൊരെണ്ണം-പത്തായം
ഇന്നു വിവര്‍ണ്ണമതിന്‍ചെറുലോകം
നിര്‍ണ്ണയമതിനിതു-കലികാലം.
ചിത്തമിതാകെച്ചെത്തിയൊരുക്കി-
യെഴുതുകയൊരുകളമതിലോലം
വാടരുതിനി,നാമാര്‍ത്തുരസിക്കുക;
നേര്‍ത്തുശരീരമി,തെന്നാലും.
ഇളമനമോ,ടിന്നൊരുപിടിയോണ-
പ്പാട്ടുകള്‍ പാടുക കോകിലമേ,
മംഗളമാശംസിച്ചു പറക്കുക;
യംഗനമാര്‍ക്കു,മനാഥര്‍ക്കും.
മുറ്റമടിച്ചുവരുന്നരികത്തായ്‌
മാരുതനിത്തിരി വേഗത്തില്‍
മൂളുന്നൊരു പ്രിയ ഗാനത്തിന്‍ ചെറു
ശീലുകളൊരുസുഖ താളത്തില്‍.
വാരിനിറയ്പ്പൂ കരിമേഘങ്ങള്‍
ദൂരേക്കെറിയുക;യിനി നമ്മള്‍
കീറരുതി,പ്പുതുബാല്യങ്ങള്‍തന്‍
സ്വപ്നംകെട്ടിയ പട്ടങ്ങള്‍.
മട്ടുപ്പാവിലിരുന്നു രസിക്കാ-
തരികില്‍ വരികെന്നുടയോനെ,
കഷ്ടപ്പാടുകള്‍ നീക്കുക!കൈരളി-
യാഹ്ലാദിക്കാനിടനല്‍ക!!