2.5.10

യാത്രയാക്കല്‍

നിഴലുകള്‍ ശോഷിക്കുവാന്‍
കാത്തു നില്‍ക്കാതെ
ചുട്ടുപൊള്ളുന്ന വെയിലില്‍,
നിറച്ചുവച്ച പ്രതീക്ഷകള്‍
ഭാണ്ഡമോടെ ശിരസ്സിലേറ്റി
ഇറങ്ങാന്‍ തുടങ്ങവേ,
ഒരു ഗൌളി,
പ്രിയതമയെ നോക്കി
എന്തോ പിറുപിറുക്കുന്നത്
ദുശ്ശകുനമായി വീക്ഷിച്ച
എന്‍റെ നല്ല പാതി,
ധൃതിയില്‍ നടന്നടുത്ത്
എന്‍റെ ചെരിപ്പുവാങ്ങി
പാവം പല്ലിയുടെ തല ഞെരിച്ചു.
ഒരു ജീവന്‍റെ പിടച്ചിലിനിടയില്‍
രക്തക്കറ പുരണ്ട ചെരുപ്പുമായ്
ഞാന്‍,
ധൃതിയില്‍ പുറപ്പെട്ട സമയം
ശകുനം മുടക്കിയ പല്ലിയുടെ
മുറിഞ്ഞ വാല്‍
ചാടിത്തുള്ളുന്ന രംഗം;
എന്‍റെ മനസ്സില്‍ തീ നാളമായെങ്കിലും
അവള്‍ക്കാശ്വാസമായത്
സമാധാനത്തോടെ,
യാത്രയാക്കാന്‍ കഴിഞ്ഞല്ലോ
എന്ന ചിന്തയായിരുന്നു.