1.11.09

ഒരു കല്യാണക്കഥ



മൊഗാദിഷു: പ്രണയത്തിന്‌ പ്രായമുണ്ടോ എന്ന്‌ ചോദിച്ചാല്‍ ഇല്ലെന്നേ മറുപടി പറയാന്‍ കഴിയൂ. പ്രണയത്തിന്‌ പ്രായമില്ലെന്ന്‌ വന്നാല്‍ വിവാഹത്തിനും പ്രായമില്ലെന്ന്‌ പറയേണ്ടിവരും. 




സോമാലിയയില്‍ കഴിഞ്ഞ ദിവസം നടന്ന ഒരു കല്യാണക്കഥ കേട്ടാല്‍ വിവാഹത്തിന്‌ പ്രായം ഒരു പ്രശ്‌നമേയല്ലെന്ന്‌ രണ്ടുവട്ടം പറയേണ്ടിവരും. മധ്യസോമാലിയയിലെ ഗുരുസീല്‍ എന്ന പട്ടണത്തിലെ ഗാല്‍ഗുഡിലാണ്‌ വാര്‍ത്താപ്രാധാന്യം നേടിയ വിവാഹം നടന്നത്‌. 

വരന്‍റെയും വധുവിന്‍റെയും പ്രായമാണ്‌ വിവാഹത്തിന്‌ ഇത്രയേറെ വാര്‍ത്താപ്രാധാന്യം നേടിക്കൊടുത്തത്‌. വരന്‍ അഹമ്മദ്‌ മുഹമ്മദ്‌ ഡൊറെയ്‌ക്ക്‌ പ്രായം  112, വധു സഫിയ അബ്ദുള്ള, പ്രായം 17. 

വരന്‌ ഇനിയുമുണ്ട്‌ പ്രത്യേകതകള്‍, മുമ്പ്‌ അഞ്ചുതവണ വിവാഹം ചെയ്‌തിട്ടുണ്ട്‌. അതിലെല്ലാമായി 13 കുട്ടികളുമുണ്ട്‌. അതായത്‌ മക്കളുടെ കൊച്ചമക്കളുടെ പ്രായമുള്ളവളാണ്‌ അഹമ്മദിന്‍റെ  പുതിയ വധു. ഇദ്ദേഹത്തിന്‍റെ ആദ്യ ഭാര്യമാരില്‍ മൂന്നുപേര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. 

പെണ്‍കുട്ടിയെ നിര്‍ബ്ബന്ധിച്ച്‌ ഭീഷണിപ്പെടുത്തിയൊക്കെയായിരിക്കും വിവാഹം നടത്തിയതെന്നാണ്‌ ചിന്തിക്കുന്നതെങ്കില്‍ തെറ്റി. പൂര്‍ണ്ണമനസ്സോടെയാണ്‌ സഫിയ 112കാരനെ വരിക്കാന്‍ തയ്യാറായത്‌. ദൈവം എന്റെ സഹായത്തിനുണ്ട്‌, വീണ്ടും എന്നെ അനുഗ്രഹിച്ചിരിക്കുന്നുവെന്നാണ്‌ പുതിയ കല്യാണത്തെക്കുറിച്ച്‌ അഹമ്മദ്‌ പറയുന്നത്‌. 

പുതിയ ഭാര്യക്ക്‌‌ കുറേ നല്ല മക്കളെ പ്രസവിക്കാന്‍ കഴിയുമെന്നതും അഹമ്മദിന്‍റെ  പ്രതീക്ഷകളിലൊന്നാണ്‌. ബിബിസിയാണ്‌ ആദ്യമായി ഈ വാര്‍ത്ത പുറത്തുവിട്ടത്‌. ഈ കല്യാണത്തോട്‌‌ നാട്ടുകാര്‍ക്കൊക്കെ സമ്മിശ്ര പ്രതികരണമാണെന്നാണ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. ചിലര്‍ ഇതൊന്നും ഒരു പ്രശ്‌നമല്ലെന്നും പ്രായത്തില്‍ കാര്യമില്ലെന്നും പറയുമ്പോള്‍ ചിലര്‍ ഈ പ്രായവ്യത്യാസത്തില്‍ ആശങ്ക രേഖപ്പെടുത്തുന്നു. 

മധ്യസോമാലിയയിലെ ദുഷമരീബില്‍ 1897ലാണ്‌ അഹമ്മദിന്‍റെ  ജനനമെന്നാണ്‌ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌. 1941ല്‍ ബ്രിട്ടീഷ്‌ സൈനികനായി ജോലിക്ക്‌ ചേര്‍ന്ന ഇയാള്‍ പിന്നീട്‌ സൊമാലിയ സ്വന്ത്രമായപ്പോള്‍ പൊലീസില്‍ ചേര്‍ന്നു. മക്കളും കൊച്ചമക്കളും അവരുടെ മക്കളുമൊക്കെയായി ഇദ്ദേഹത്തിന്‍റെ കുടുംബത്തില്‍ 114 അംഗങ്ങളുണ്ട്‌. ഇദ്ദേഹത്തിന്‍റെ ഏറ്റവും മൂത്ത മകന്‍റെ  പ്രായം എണ്‍പതാണ്‌.