28.3.10

കാലം

തലമുറകള്‍വന്നു പോയ്‌മറയും, മണ്ണില്‍
ഒരുപിടി സ്വപ്‌നങ്ങള്‍ പുനര്‍ജ്ജനിയ്ക്കും.
മധുരം പ്രതീക്ഷിച്ച ജീവിതങ്ങള്‍, പക്ഷെ
കണ്ണീരില്‍ മുങ്ങിത്തിരിച്ചുപോകും.


കാലത്തിനൊപ്പം നടക്കാന്‍ ശ്രമിക്കവേ,
കാല്‍ കുഴഞ്ഞിടറിത്തളര്‍ന്നു വീഴും;
കൈത്താങ്ങു നല്‍കാതൊഴിഞ്ഞുമാറി, കാല-
മറിയാത്തപോലെ കടന്നുപോകും.


വാസന്തമേറെയകന്നു നില്‍ക്കും, പാവം
മര്‍ത്യരോ ശിശിരങ്ങളായ്ക്കൊഴിയും,
നറുമണം സ്വപ്നത്തിലെന്ന പോലെ, വെറു-
മോര്‍മ്മയില്‍ മാത്രമൊതുങ്ങി നില്‍ക്കും.


അറിയാതെ ജീവന്‍ കൊഴിഞ്ഞുപോകേ, നവ-
മുകുളങ്ങള്‍ പുലരികളായ് വിടരും
സ്വപ്നങ്ങളീറനുടുത്തു നില്‍ക്കും മര്‍ത്യ-
നുലകത്തില്‍ സിംഹാസനത്തിലേറും.

വരളുന്ന പുളിനാമം ജീവിതങ്ങള്‍, ചിലര്‍
ബലിദാനമേകിക്കടന്നു പോകും,
തളരാത്ത മോഹങ്ങള്‍, പിന്നെയുമീ നവ-
തലമുറകള്‍ വന്നു മഞ്ചലേറ്റും.


മായാ പ്രപഞ്ചത്തിലിനിയും വരും, പുത്ത-
നീയാം പാറ്റകളായ് മനുഷ്യര്‍,
ചിറകറ്റു പോകും ദിനങ്ങളിലോര്‍മ്മതന്‍
കടലാസുതോണികളായൊഴുകാന്‍.

 (അന്‍വര്‍ ഷാ, ഉമയനല്ലൂര്‍)

27.3.10

ഭൂമിക്കായി ഒരു നിമിഷം

ഊര്‍ജ്ജ പ്രതിസന്ധി നേരിടുന്ന ഭൂമിയെ സംരക്ഷിക്കുകയെന്ന ലകഷ്യത്തോടെ ലോകത്തിലെ പ്രധാന നഗരങ്ങളെല്ലാം ഇന്ന് ഒരു മണിക്കൂര്‍ വൈദ്യുതി ഉപകരങ്ങള്‍ അണച്ച് 'ഭൂമിക്കായി ഒരു മണിക്കൂര്‍' ആചരിക്കുന്നു. ആസ്ത്രേലിയന്‍ നഗരമായ സിഡ്നി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ദിനാചരണം. ഈഫല്‍ ഗോപുരം, ഈജിപ്തിലെ പിരമിഡ് തുടങ്ങി ലോകാത്ഭുതങ്ങള്‍ ഉള്‍പ്പടെ ലോകത്തിലെ പ്രധാന കേന്ദ്രങ്ങളെല്ലാം'ഭൂമിക്കായി ഒരു മണിക്കൂര്‍'പരിപാടിയില്‍ പങ്കുചേരും. എല്ലാ വര്‍ഷവും മാര്‍ച്ച് മാസത്തിലെ അവസാനത്തെ ശനിയാഴ്ച രാത്രി 8.30 മുതല്‍ 9.30 വരെയാണ് വിളക്കുകള്‍ ഉള്‍പ്പടെ എല്ലാ വൈദ്യുതി ഉപകരണങ്ങളും പ്രവര്‍ത്തന രഹിതമാക്കി ഒരു മണിക്കൂര്‍ ഭൂമിയുടെ ഭാവിക്കായി നീക്കിവെക്കുന്നത്. ഈ വര്‍ഷത്തെ പരിപാടിയില്‍ ഇന്ത്യയിലെ എട്ടു നഗരങ്ങളാണ് പങ്കു ചേരുന്നത്. ദല്‍ഹി, പൂനെ, അഹമദാബാദ്, ഹൈദരാബാദ്,ബംഗളുരു, ചെന്നൈ, കൊല്‍കത്ത, മുംബൈ എന്നീ നഗരങ്ങളാണ് രാജ്യത്ത് ഈ കൂട്ടായ്മയില്‍ പങ്കാളികളാകുന്ന നഗരങ്ങള്‍. ആഗോള താപനത്തിനെതിരെ ഇന്ന് രാത്രി വൈദ്യുതി വിളക്കണക്കാം. ഒരു മണിക്കൂര്‍ വൈദ്യുതി വിളക്കണച്ചു കേരളവും ഇതില്‍ അണിചേരും. കഴിഞ്ഞ വര്‍ഷം ഭൂമിക്കായി ഒരു നിമിഷം ആചരിച്ചതിലൂടെ ദല്‍ഹി,മുംബൈ നഗരങ്ങളില്‍ മാത്രം 1,000 മെഗാ വാട്ട് വൈദ്യുതി ലാഭിച്ചു. 2007- ലാണ് വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ (W.W.F) ഈ പ്രചാരണം ആരംഭിച്ചത്.

21.3.10

മാലയോഗങ്ങള്‍

ലക്നോയില്‍ ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ രജത ജയന്തി ആഘോഷ വേദിയില്‍ ആയിരം രൂപാ നോട്ടുകളില്‍ കൊരുത്ത കോടികളുടെ കൂറ്റന്‍ ഹാരം വന്‍ വിവാദത്തിനു വഴി തെളിച്ചിരിക്കുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തങ്ങളുടെ നേതാവിനെ നോട്ടുമാല അണിയിച്ചുകൊണ്ടാണ് സ്വീകരിക്കുന്നത്. ഇത് ഒഴിവാക്കേണ്ടത് തന്നെയല്ലേ? ഗാന്ധി ചിത്രം ഉല്ലേഖനം ചെയ്ത നോട്ടു മാല കഴുത്തില്‍ തൂക്കി നില്‍ക്കുന്നത് ജനനന്മയിലും ജനാധിപത്യത്തിലും പ്രതീക്ഷയര്‍പ്പിച്ച ആ മഹാനോടുള്ള അനാദരവല്ലേ? കോടിക്കണക്കിനു ജനങ്ങള്‍ ഇപ്പോഴും ദാരിദ്ര്യ രേഖക്ക് താഴെ കഴിയുമ്പോള്‍ ആഘോഷ വേദികളെ പണക്കൊഴുപ്പിന്‍റെ ആഭാസമാക്കി മാറ്റുന്ന ഇത്തരം പ്രവണതകളെ നിരുത്സാഹപ്പെടു ത്തേണ്ടത് ഓരോ ഭാരതീയന്‍റെയും കടമയാണ്. നോട്ടുമാല അണിയിച്ചു കൊണ്ടുള്ള സ്വീകരണങ്ങള്‍ ഒഴിവാക്കുമെന്ന് പ്രഖ്യാപിക്കാന്‍ ഏതു രാഷ്ട്രീയ പാര്‍ട്ടിയാണ് ആദ്യം മുന്നോട്ടു വരിക. അതോ ഇത്തരം 'മാലയോഗങ്ങള്‍' എല്ലാവരും തുടരുമെന്ന് പ്രഖ്യാപിക്കുമോ?

7.3.10

ശുചിത്വം അവരുടെ കടമ..... മാലിന്യം നമ്മുടെ അവകാശം

"എന്‍റെ കേരളം ........ മാലിന്യ മുക്തം 
 ശുചിത്വം നമ്മുടെ കടമ, ശുചിത്വം നമ്മുടെ അവകാശം"
    കേരള സര്‍ക്കാര്‍ കലണ്ടറിന്‍റെ എല്ലാ പേജിലും അച്ചടിച്ചു വച്ചിരിക്കുന്ന ഈ പരസ്യ വാചകം മലയാളിയെ സംബന്ധിച്ചിടത്തോളം വലിയ പ്രാധാന്യമുണ്ടെന്ന് തോന്നുന്നില്ല. കാരണം മലയാളിയെന്നും പരിസര ശുചിത്വത്തില്‍ പിന്നിലാണെന്ന് വര്‍ക്കല പാപ നാശത്തെത്തിയ വിദേശ വിനോദ സഞ്ചാരികള്‍ ഈ അടുത്ത ദിവസം നമുക്ക് കാട്ടിത്തന്നു. തികച്ചും ലജ്ജാകരം. പാപ നാശത്തെ രണ്ട് കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന പ്രധാന ബീച്ചും ഹെലിപ്പാഡ് മുതല്‍ മലപ്പുറം വരെയുള്ള ക്ലിഫ്ഫും പാറയിടുക്കുകളും കുന്നിന്‍ ചരിവുകളും ഇരുപതംഗ വിദേശി സംഘം വൃത്തിയാക്കിയ വാര്‍ത്ത‍ കേട്ടിട്ടും നമുക്കൊരു ചുളിപ്പുമില്ല. ഈ പ്രകൃതി സ്നേഹികള്‍ വിശ്രമമില്ലാതെ അഞ്ചര മണിക്കൂര്‍ കഠിന പ്രയത്നം ചെയ്യുമ്പോള്‍ കുന്നിന്‍ മുകളില്‍ നമ്മള്‍ കാഴ്ചക്കാരായി അണി നിരന്നു. ഒന്‍പത് സ്ത്രീകളും പതിനൊന്നു പുരുഷന്മാരും അടങ്ങുന്ന വിനോദ സഞ്ചാരികളാണ് കൈകളില്‍ ഗ്ലൌസും ധരിച്ച് ചീഞ്ഞളിഞ്ഞ മാലിന്യം പെറുക്കിക്കൂട്ടി ചാക്കുകളിലാക്കി നീക്കിയത്. അവയില്‍ പ്ലാസ്റ്റിക്‌ കുപ്പികള്‍, റസ്ടോറന്റുകളില്‍ നിന്നും താഴേക്കു വലിച്ചെറിഞ്ഞ അടുക്കള മാലിന്യങ്ങള്‍ നിറഞ്ഞ ക്യാരി ബാഗുകള്‍, ആഹാര സാധനങ്ങളുടെ അവശിഷ്ടങ്ങള്‍ എന്നിവയൊക്കെയുണ്ട്. പ്ലാസ്റ്റിക്‌ കവറുകളിലാക്കി വലിച്ചെറിഞ്ഞ മനുഷ്യ വിസര്‍ജ്യവുമുണ്ട്. യൂറോപ്പില്‍ നിന്നുള്ള ഡോക്ടര്‍മാരും എന്ജിനിയര്‍മാരും മറ്റു വിവിധ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരുമാണ് സംഘത്തിലുണ്ടായിരുന്നത്. കണ്ടാല്‍ അറപ്പുളവാക്കുന്നതും ചീഞ്ഞളിഞ്ഞതുമായ മാലിന്യം നീക്കി ശുചീകരിക്കാനുള്ള ചേതോ വികാരം എന്താണെന്നു ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത് 'നിങ്ങള്‍ക്ക് നാണമില്ലേ ഈ മനോഹര തീരത്തെ ഇവ്വിധം വികൃതമാക്കാന്‍. ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ നിങ്ങള്‍ മലയാളികള്‍ വിദ്യാഭ്യാസവും ശുചിത്വവും ഉള്ളവരാണെന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ പ്രകൃതിയെ നശിപ്പിക്കാനാണോ വിദ്യാഭ്യാസം നേടിയത്' എന്നാണ്. 
      അതെ, രണ്ടക്ഷരം പഠിച്ചു പോയാല്‍ തൂമ്പ എടുക്കാന്‍ മടി കാണിക്കുന്ന നമ്മള്‍ ഇവരുടെ ഈ പ്രവൃത്തി കണ്ടു പഠിക്കേണ്ടതാണ്. കയ്യും കെട്ടി നോക്കി രസിച്ചത് ഒട്ടും ശരിയായില്ല.