15.8.10

പൂവേ പൊലി...

പൂക്കളമൊന്നു രചിക്കാം,ചിന്തുക-
ളീണത്തില്‍ പുഴപാടുമ്പോള്‍
താണുപറക്കുവതെന്തിനു ചിന്തക-
ളോണംവന്നു വിളിക്കുമ്പോള്‍.
തേനൂറുന്നൊരു സ്മരണയുമില്ലെ-
ന്നാകിലുമിവിടിനിയാമോദം
ഹൃദ്യസമൃദ്ധി പകര്‍ന്നുതരാനാ-
യരികിലണഞ്ഞു തിരുവോണം.
അഴകിന്‍ പീലിനിവര്‍ത്തുന്നങ്കണ
നടയില്‍ ദിനകരനതിവേഗം,
അഴലിന്‍ ചങ്ങല പൊട്ടിച്ചെറിയുക
മനമേ,നുകരുകയാവോളം.
കണ്ണുമടച്ചു കിടപ്പാണറയില്‍
പൊണ്ണനൊരെണ്ണം-പത്തായം
ഇന്നു വിവര്‍ണ്ണമതിന്‍ചെറുലോകം
നിര്‍ണ്ണയമതിനിതു-കലികാലം.
ചിത്തമിതാകെച്ചെത്തിയൊരുക്കി-
യെഴുതുകയൊരുകളമതിലോലം
വാടരുതിനി,നാമാര്‍ത്തുരസിക്കുക;
നേര്‍ത്തുശരീരമി,തെന്നാലും.
ഇളമനമോ,ടിന്നൊരുപിടിയോണ-
പ്പാട്ടുകള്‍ പാടുക കോകിലമേ,
മംഗളമാശംസിച്ചു പറക്കുക;
യംഗനമാര്‍ക്കു,മനാഥര്‍ക്കും.
മുറ്റമടിച്ചുവരുന്നരികത്തായ്‌
മാരുതനിത്തിരി വേഗത്തില്‍
മൂളുന്നൊരു പ്രിയ ഗാനത്തിന്‍ ചെറു
ശീലുകളൊരുസുഖ താളത്തില്‍.
വാരിനിറയ്പ്പൂ കരിമേഘങ്ങള്‍
ദൂരേക്കെറിയുക;യിനി നമ്മള്‍
കീറരുതി,പ്പുതുബാല്യങ്ങള്‍തന്‍
സ്വപ്നംകെട്ടിയ പട്ടങ്ങള്‍.
മട്ടുപ്പാവിലിരുന്നു രസിക്കാ-
തരികില്‍ വരികെന്നുടയോനെ,
കഷ്ടപ്പാടുകള്‍ നീക്കുക!കൈരളി-
യാഹ്ലാദിക്കാനിടനല്‍ക!!

1.8.10

ജീവിത രേഖ


തിളയ്ക്കുമെന്‍ വികാര-
ത്തുടിപ്പാണി,ന്നക്ഷരം
അടിയേറ്റുവീണ-വാക്യം
പിടയുന്നതാണു-കാവ്യം
പൊടിപിടിക്കാത്തയുള്ളം
പാടുന്നതെന്‍ സ്വകാര്യം
പെയ്യുമീ,യെന്‍ യൗവ്വനം
തോരുന്നതാണു-ശോകം
ചാട്ടവാറേറ്റ ഹൃത്തില്‍
ചുട്ടെരിക്കുന്നു-ലോകം
ആര്‍ത്തുചിരിച്ചു,ചുറ്റും
കൂട്ടിരിക്കുന്നനിഷ്ടം
കൂടൊരുക്കാതെ മോഹം
അടയിരിക്കുന്ന,കാലം
ഇടനെഞ്ചിലഗ്നിഗോളം
ചുണ്ടിലോ,മന്ദഹാസം
പടിയിറങ്ങട്ടെ-സ്വാസ്ഥ്യം
പൊലിയുകില്ലീ,വെളിച്ചം
വിറകൊള്ളുകില്ല ജന്മം
വിടചൊല്ലുകില്ല, കര്‍മ്മം
തീരാത്ത ദാഹവുമായ്‌
തീരവുംകാത്തിരിക്കെ,
പകലിനോ കൊടിയിറക്കം;
അരികിലായിരവുമാത്രം.