നേരം സന്ധ്യയായിട്ടും അവളെ കാണാതായപ്പോള്‍ മനസ്സു വല്ലാതെ വേദനിച്ചു " എന്തേ അവള്‍ വരാത്തത്? ഇന്നലത്തെ പിണക്കമായിരിക്കുമോ?"
ഇന്നലെ അത്താഴമുണ്ണാനിരുന്നപ്പോള്‍ അവള്‍ വന്നു അമ്മ എനിക്ക് വേണ്ടി ഒരുക്കി വച്ചിരുന്ന ആഹാരത്തില്‍ നിന്നും അല്‍പ്പമെടുത്ത് കഴിച്ചു കളഞ്ഞു. അമ്മ അവള്‍ക്കൊരടി കൊടുത്തു. അവള്‍ക്കു വേദനിച്ചു.
" നീ ഒരുത്തനാ അവളെ വഷളാക്കുന്നെ" അമ്മയുടെ കുറ്റപ്പെടുത്തല്‍ എനിക്കിഷ്ടപ്പെട്ടില്ല. "
എനിക്ക് വേണ്ടി ഒരുക്കിയത് അവള് കഴിച്ചെന്നും പറഞ്ഞു നഷ്ടമൊന്നുമില്ലല്ലോ?" ഞാന്‍ പറഞ്ഞത് അമ്മക്ക് ഇഷ്ടപെട്ടില്ല. അമ്മയുടെ മുഖം വീര്‍ത്തു.
ജെസി എന്നെ നോക്കി കരയുകയണ് അവളുടെ കണ്ണുനീര്‍ കാണുവാനുള്ള കരുത്ത് എനിക്കില്ലായിരുന്നു.
ആരെയും വശീകരിക്കുന്നതാണ് ജെസിയുടെ സൌന്ദര്യം. അത്കൊണ്ടു മാത്രമാണ് ഞാനവളെ സ്നേഹിക്കുന്നത്. അമ്മക്ക് അവളോട് വെറുപ്പാണ്. അനാഥയായ അവളെ ഞാന്‍ കൊണ്ടു വന്നപ്പോള്‍ അമ്മ എന്നെ ഒരുപാട് ശകാരിച്ചു. പക്ഷെ, അതൊന്നും ഞാന്‍ ചെവിക്കൊണ്ടില്ല.
"ജെസി കരയാതെ..." ഞാനവളെ സമാധാനിപ്പിക്കുവാന്‍ ശ്രമിച്ചു.
ഞാന്‍ അവള്‍ക്കിട്ട പേരാണു ജെസി. ആദ്യമൊക്കെ എന്റെ കൊമ്പന്‍ മീശ കാണുമ്പോഴേക്കും അവള്‍ ഓടി ഒളിക്കുമായിരുന്നു. ക്രമേണ എന്നോട് അവള്‍ അടുക്കുവാന്‍ തുടങ്ങി. അവളുടെ നീല കണ്ണുകള്‍ എന്നെ വല്ലാതെ വശീകരിച്ചു.
ജെസി കരച്ചില്‍ നിര്‍ത്തുന്ന മട്ടില്ല.
"അയ്യേ, കൊച്ചു കുട്ടികളെപ്പോലെ കരയുകയാണോ?" എന്‍റെ ചോദ്യം കേട്ടതായി ഭാവിക്കാതെ കരഞ്ഞു കൊണ്ടുതന്നെ അവള്‍ എന്‍റെ മുറിയിലേക്ക് പോയി.
എനിക്ക് വിശപ്പ് തോന്നിയില്ല. പേരിനുവേണ്ടി സ്വല്പം ആഹാരം കഴിച്ചിട്ട് കയ്യ് കഴുകുവാന്‍ എഴുന്നേറ്റപ്പോള്‍ അമ്മ പറഞ്ഞു "പിണങ്ങിയ മട്ടാണ്; കൊച്ചുകുട്ടിയെന്ന വിചാരം. പ്രായ പൂര്‍ത്തിയായ ഒരു പെണ്ണാണന്ന ബോധമൊന്നും അവള്‍ക്കില്ല. രണ്ട് കൊടുതില്ലയിരുന്നെങ്കില്‍ നാളെയും ഇതാവര്‍ത്തിക്കും."
എന്‍റെ മറുപടി ഒരു മൂളല്‍ മാത്രമായിരുന്നു.
മുറിയില്‍ ചെന്നപ്പോള്‍ ജെസി കട്ടിലില്‍ച്ചുരുണ്ട്കൂടിക്കിടക്കുന്നു. "ജെസി" ഞാന്‍ വിളിച്ചപ്പോള്‍ അവള്‍ കണ്ണ് തുറന്നൊന്നു നോക്കിയിട്ട് പഴയപടി കിടന്നു. അവളെ ശല്യപ്പെടുത്തെണ്ടെന്നു കരുതി ഞാന്‍ ഒരരികിലായി കിടന്നു. എന്‍റെ മനസ്സില്‍ അവളെക്കുറിച്ചുള്ള ചിന്തകളായിരുന്നു. ഞാന്‍ കൊടുത്ത അധിക വാല്‍സല്യം മൂലമാണ് അവള്‍ അധികാരത്തോടെ എനിക്ക് വിളമ്പിവെച്ച ആഹാരം കഴിച്ചത്. അമ്മയെ ധിക്കരിചെന്നു അമ്മ വിചാരിച്ചു കാണും. എങ്കിലും എന്‍റെ കണ്മുന്നില്‍വെച്ച് അവളെ തല്ലരുതായിരുന്നു.
അമ്മയില്ലാതെ വളര്‍ന്ന അവളുടെ മനസ്സ് വേദനിക്കുന്നത് കാണുവാനുള്ള ശക്തി എനിക്കില്ലായിരുന്നു. അവളെ ആശസിപ്പിക്കുവനായി എന്‍റെ കര വലയങ്ങള്‍ക്കുള്ളില്‍ ഒതുക്കുവാന്‍ ശ്രമിച്ചപ്പോള്‍ ങ്യാവൂ.. ങ്യാവൂ.. എന്ന് കരഞ്ഞുകൊണ്ട് ജെസി ജന്നല്‍ വഴി പുറത്തേക്ക് പാഞ്ഞു.
പിന്നെ ഇതുവരെ അവള്‍ മടങ്ങി വന്നില്ലല്ലോ എന്നോര്‍ത്തപ്പോള്‍ എനിക്ക് ദുഃഖം സഹിക്കാനായില്ല.
൦൦൦൦൦൦൦൦൦൦
നിങ്ങളുടെ സ്വന്തം ബാബുജി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ