19.9.09

പൊന്നോണം



(അന്‍വര്‍ ഷാ , ഉമയനല്ലൂര്‍)

മാവേലി മന്നനെത്തും സുദിനം

ആഘോഷമാക്കിത്തീര്‍ക്കുവാ നായ്‌

താരകള്‍ കണ്‍ചി മ്മി നോക്കിനില്‍ക്കെ

ശാലീന ചിങ്ങമെത്തി ചാരെ.

പൂക്കാലമെന്‍ ഗ്രാമവാടിയാകെ

മലര്‍മാലകൊണ്ടിന്നലങ്കരിക്കെ

വര്‍ഷ മേഘങ്ങളകന്നു പോയ്

കര്‍ഷകര്‍ക്കാഹ്ലാദ നാളുകളായ്.

ചെറുനവ ഗാനങ്ങളാലപിക്കും

പറവകളുളളയീ നാട്ടിലാകെ

പരിമളം ചാര്‍ത്തുന്ന കാറ്റുണര്‍ന്നു

പുതുചിത്തമേകാനുഷസ്സുവന്നു.

മധുവസന്തത്തിന്‍ കുളിര്‍മ്മയുമായ്

തിരുവോണമേറെയടുത്തുനിന്നു

വെണ്‍മേഘ പാളികളംബരത്തില്‍

അപ്പൂപ്പന്‍ താടിപോലെ പറന്നു.

പൊന്നോണച്ചിന്തുകള്‍ പാടി ഞാനും

പൂക്കളിറുത്തിന്നൊരുക്കി വയ്ക്കെ

അത്തക്കളത്തിനു മോടികൂട്ടാന്‍

മുത്തുക്കുട ചൂടിയെത്തിയര്‍ക്കന്‍

തുമ്പികളും ചിത്രശലഭങ്ങളും

ഇംപമോടിവിടെപ്പറന്നണഞ്ഞു

പൊന്‍കുഞ്ഞു മക്കളീ നല്ല നാളില്‍

മുത്തശ്ശിയോടൊത്ത് കഥ പറഞ്ഞു.

നൈര്‍മല്യ മാനസ ഗ്രാമീണരെന്‍

നാട്ടിലാകെതീര്‍ത്തു പൂക്കളങ്ങള്‍

മാലോകരൊന്നായുണര്‍ന്നു പാടി

പൊന്നോണ സ്വാഗത പുണ്യ ഗാനം.


അഭിപ്രായങ്ങളൊന്നുമില്ല: