8.10.09

നോബല്‍ സമ്മാനം

ഭൌതിക ശാസ്ത്രം, രസതന്ത്രം, വൈദ്യ ശാസ്ത്രം, സാഹിത്യം, സമാധാന പ്രവര്‍ത്തനം, സാമ്പത്തിക ശാസ്ത്രം, എന്നീ മേഖലകളില്‍ മഹത്തായ സംഭാവന നല്‍കിയവര്‍ക്ക്‌ നല്‍കുന്ന ലോകത്തെ ഏറ്റവും അഭിമാനാര്‍ഹമായ പുരസ്കാരമാണിത്. ഡൈനാമിറ്റ് നിര്‍മ്മിക്കാന്‍ നൈട്രോ ഗ്ലിസറിന്‍ ഉപയോഗിക്കാമെന്ന് 1866 -ല്‍ കണ്ടെത്തിയ സ്വീഡിഷ്‌ ശാസ്ത്രജ്ഞന്‍ ആല്‍ഫ്രഡ്‌ നോബല്‍ ആണ് ഈ പുരസ്കാരം ഏര്‍പ്പെടുത്തിയത്. 1895 നവംബര്‍ 27 -ന് അദ്ദേഹം എഴുതിയ വില്‍ പത്രത്തില്‍ സ്വത്തിന്‍റെ ഒരു ഭാഗം വിവിധ മേഖലകളില്‍ മികച്ച സംഭാവനകള്‍ നല്‍കിയവര്‍ക്കുള്ള പുരസ്കാരത്തിനായി മാറ്റി വെച്ചു. 1866 -ല്‍ അദ്ദേഹത്തിന്‍റെ മരണ ശേഷമാണ് ഈ സമ്മാനത്തുകയെക്കുറിച്ച് ലോകം അറിഞ്ഞത്. പക്ഷെ, വന്‍ സമ്പത്തിനുടമയായ അവിവാഹിതനായ നോബലിന്‍റെ സ്വത്തിന്‍റെ വലിയൊരു ഭാഗം സമ്മാനമായി ഉപയോഗിക്കുന്നതിനെ അദ്ദേഹത്തിന്‍റെ കുടുംബം എതിര്‍ത്തു. ഇത് കാരണം നോബല്‍ സമ്മാനം ആരംഭിക്കാന്‍ 1901 വരെ വൈകി.
നോബല്‍ വില്‍ പത്രത്തില്‍ സമ്മാനത്തിനായി മാറ്റിവെച്ച സ്വത്തിന്‍റെ വാര്‍ഷിക വരുമാനമാണ് നോബല്‍ സമ്മാനത്തുക. അതിനാല്‍ ഓരോ വര്‍ഷവും സമ്മാനത്തുകയില്‍ മാറ്റം വരും. സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം നോബലിന്‍റെ വില്‍ പത്രത്തില്‍ ഇല്ലായിരുന്നു. 1968 -ല്‍ സ്വീഡിഷ് ബാങ്കായ സ്വെറിഗ്സ് റിക്സ് അവരുടെ 300 - ആമത്‌ വാര്‍ഷികത്തില്‍ നോബലിനോടുള്ള ആദര സൂചകമായി സാമ്പത്തിക ശാസ്ത്ര നോബല്‍ കൂട്ടിച്ചേര്‍ത്തു. ആല്‍ഫ്രഡ്‌ നോബലിന്‍റെ ചരമ ദിനമായ ഡിസംബര്‍ 10 -നാണ് എല്ലാ വര്‍ഷവും നോബല്‍ സമ്മാനം നല്‍കുന്നത്‌.
സ്വീഡന്‍റെ തലസ്ഥാനമായ സ്റ്റോക്ക്‌ ഹോമിലെ വേദിയില്‍ ജേതാക്കള്‍ മെഡലും സമ്മാന ഡിപ്ലോമയും സമ്മാന ത്തുകയുടെ പത്രവും ഏറ്റു വാങ്ങും. സമാധാനത്തിനുള്ള നോബല്‍ സമ്മാനം മാത്രം നോര്‍വേയുടെ തലസ്ഥാനമായ ഓസ്ലോയിലാണ് സമ്മാനിക്കുന്നത്.
രവീന്ദ്രനാഥ ടാഗോര്‍ 1913 -ല്‍ സാഹിത്യ നോബല്‍ നേടി ഈ ബഹുമതി നേടുന്ന ആദ്യ ഭാരതീയനായി. ഗീതാഞ്ജലിയുടെ ഇംഗ്ലീഷ് പതിപ്പിനായിരുന്നു പുരസ്കാരം. സി.വി.രാമന്‍ 1930 -ല്‍ ഊര്‍ജ്ജതന്ത്ര നോബല്‍ നേടി.
ഡോ. സുബ്രമണ്യം ചന്ദ്രശേഖര്‍ 1983 -ല്‍ ഊര്‍ജ്ജതന്ത്ര നോബല്‍ നേടിയപ്പോള്‍, മദര്‍ തെരേസ്സ 1979 -ല്‍ സമാധാന നോബല്‍ നേടി. ഡോ.അമര്‍ത്യ സെന്‍ 1988 -ല്‍ സാമ്പത്തിക ശാസ്ത്ര നോബല്‍ നേടി.
ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ്‌ സാഹിത്യകാരന്‍ സര്‍ വി.എസ്. നയ്പാല്‍ 2001 -ല്‍ നോബല്‍ നേടി. 2009-ല്‍ രസതന്ത്ര ശാസ്ത്രജ്ഞന്‍ വെങ്കട്ടരാമന്‍ രാമകൃഷ്ണനിലൂടെ അത് ഒരിക്കല്‍കൂടി ഒരിന്ത്യന്‍ വംശജന് ലഭിച്ചിരിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: