7.10.09

കാത്തിരിപ്പ്‌


ജപമാലപോല്‍ തിരിഞ്ഞിടുന്നു വാസരം
കതിരൊഴിഞ്ഞെല്ലിച്ചുറങ്ങുന്നു ജീവിതം
ചകിതനെപ്പോലലയുന്നെന്‍ മനോരഥം
നിശ്ശബ്ദസാക്ഷി തന്നിന്നുമെന്‍ ജാതകം.

അകലെ പൊലിയുന്നൊരു ചെറു താരകം
ഉലകില്‍ കനവുകള്‍ക്കുത്തമ സ്മാരകം
അഴലിന്‍ മുകിലുകളാലെന്‍റെ നെഞ്ചകം
ഇരുളവേ-യിടറുന്നൊരുവേള തായ്മനം.

ജനിമൃതിക്കിടയിലാ, യേച്ചുകെട്ടുന്നതാം
ജീവിതകാല- മല്പാല്പം ദ്രവിക്കയാല്‍
ആശിക്കുമായുസ്സിനൊരു മാരിവില്ലിന്‍റെ
സമയമേയുളളുവെന്നോതുന്നു പാരിടം.

തെളിദീപമാകാശമൊന്നാകെ നിറയവേ,
തളിരിടുന്നിടയിലെന്നോര്‍മ്മകളെങ്കിലും
തളരുന്ന തനുവില്‍പ്പിടഞ്ഞിടു- ന്നീദിനം
നിളപോ, ലൊഴുകുവാനാശിച്ച യൌവ്വനം.

ഒരു പുരുഷായുസ്സ്, നുകരാതെ മാതുലന്‍
മെല്ലെ മറഞ്ഞയീ വഴിയിലുടിന്നു ഞാന്‍
ഇനിയെത്ര കാതം നടക്കേണ്ടതൂഴിയില്‍
കമനീയമെന്നു കരുതു- മീ സന്ധ്യയില്‍?
(അന്‍വര്‍ ഷാ ഉമയനല്ലൂര്‍)

അഭിപ്രായങ്ങളൊന്നുമില്ല: