11.10.09

ഉണരുക!




"വര്‍ജ്ജിക്കേണ്ടതു മദ്യം" 
ഗര്‍ജ്ജനമല്ലിത് സത്യം 
ജീവിതഗാഥകളെഴുതിയ ചിന്തക-
രോതിയ സുന്ദര മന്ത്രം. 
കണ്ണീരണിയുവതന്ത്യം 
മുന്നേയുള്ളത് ചിന്ത്യം 
തട്ടിയുടയ്ക്കുന്നൊത്തിരി ജീവിത- 
കനവുക-ളീ, ദുര്‍ഭൂതം. 
തെല്ലു വെളിച്ചം നല്‍കാന്‍
കഴിവുള്ളവരു,ണ്ടെന്നാല്‍ 
ഇരുളി,ലനങ്ങാപ്പാറകള്‍ പോലിവി- 
ടുരിയാടാതെയുറക്കം. 
നാടിതു സുന്ദര നാട് 
കഥകളിതന്‍ പൊന്‍ വീട് 
ആദര്‍ശത്തിന്‍ തെളിനീരുറവകള്‍ 
പിറവിയെടുത്ത നിലാവ്‌.
അനുവര്‍ത്തിക്കുക നമ്മള്‍- 
വിശ്വ മഹദ്‌വാക്യങ്ങള്‍
മദ്യ-മയക്കുമരുന്നുകള്‍ പാരിതി-  
ന്നാപത്തെന്ന മൊഴികള്‍  
പുതു തലമുറ-യീ ധരയില്‍ 
കതിരായ്‌ത്തീരണ, മെന്നാല്‍ 
ലഹരിയ്ക്കടിമകളാകുകിലിവിടെ-
വിഹരിക്കും- യമ, യാനം. 
തട്ടിയുണര്‍ത്തുക- സത്യം 
ചിന്തരുതിനി- യുവ രക്തം
യൌവ്വന ചിന്തകളരുതായ്മകളുടെ- 
യരുമകളോ - ഹാ! കഷ്ടം.
യുവ ജനതയെ രക്ഷിപ്പാന്‍ 
കച്ചമുറുക്കുക നാടേ; 
മെല്ലെ സഹിക്കുകയല്ലിനി വേണ്ടത് 
പോരാടുകയിതിനെതിരെ.

(അന്‍വര്‍ഷാ ഉമയനല്ലൂര്‍)






അഭിപ്രായങ്ങളൊന്നുമില്ല: