7.3.10

ശുചിത്വം അവരുടെ കടമ..... മാലിന്യം നമ്മുടെ അവകാശം

"എന്‍റെ കേരളം ........ മാലിന്യ മുക്തം 
 ശുചിത്വം നമ്മുടെ കടമ, ശുചിത്വം നമ്മുടെ അവകാശം"
    കേരള സര്‍ക്കാര്‍ കലണ്ടറിന്‍റെ എല്ലാ പേജിലും അച്ചടിച്ചു വച്ചിരിക്കുന്ന ഈ പരസ്യ വാചകം മലയാളിയെ സംബന്ധിച്ചിടത്തോളം വലിയ പ്രാധാന്യമുണ്ടെന്ന് തോന്നുന്നില്ല. കാരണം മലയാളിയെന്നും പരിസര ശുചിത്വത്തില്‍ പിന്നിലാണെന്ന് വര്‍ക്കല പാപ നാശത്തെത്തിയ വിദേശ വിനോദ സഞ്ചാരികള്‍ ഈ അടുത്ത ദിവസം നമുക്ക് കാട്ടിത്തന്നു. തികച്ചും ലജ്ജാകരം. പാപ നാശത്തെ രണ്ട് കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന പ്രധാന ബീച്ചും ഹെലിപ്പാഡ് മുതല്‍ മലപ്പുറം വരെയുള്ള ക്ലിഫ്ഫും പാറയിടുക്കുകളും കുന്നിന്‍ ചരിവുകളും ഇരുപതംഗ വിദേശി സംഘം വൃത്തിയാക്കിയ വാര്‍ത്ത‍ കേട്ടിട്ടും നമുക്കൊരു ചുളിപ്പുമില്ല. ഈ പ്രകൃതി സ്നേഹികള്‍ വിശ്രമമില്ലാതെ അഞ്ചര മണിക്കൂര്‍ കഠിന പ്രയത്നം ചെയ്യുമ്പോള്‍ കുന്നിന്‍ മുകളില്‍ നമ്മള്‍ കാഴ്ചക്കാരായി അണി നിരന്നു. ഒന്‍പത് സ്ത്രീകളും പതിനൊന്നു പുരുഷന്മാരും അടങ്ങുന്ന വിനോദ സഞ്ചാരികളാണ് കൈകളില്‍ ഗ്ലൌസും ധരിച്ച് ചീഞ്ഞളിഞ്ഞ മാലിന്യം പെറുക്കിക്കൂട്ടി ചാക്കുകളിലാക്കി നീക്കിയത്. അവയില്‍ പ്ലാസ്റ്റിക്‌ കുപ്പികള്‍, റസ്ടോറന്റുകളില്‍ നിന്നും താഴേക്കു വലിച്ചെറിഞ്ഞ അടുക്കള മാലിന്യങ്ങള്‍ നിറഞ്ഞ ക്യാരി ബാഗുകള്‍, ആഹാര സാധനങ്ങളുടെ അവശിഷ്ടങ്ങള്‍ എന്നിവയൊക്കെയുണ്ട്. പ്ലാസ്റ്റിക്‌ കവറുകളിലാക്കി വലിച്ചെറിഞ്ഞ മനുഷ്യ വിസര്‍ജ്യവുമുണ്ട്. യൂറോപ്പില്‍ നിന്നുള്ള ഡോക്ടര്‍മാരും എന്ജിനിയര്‍മാരും മറ്റു വിവിധ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരുമാണ് സംഘത്തിലുണ്ടായിരുന്നത്. കണ്ടാല്‍ അറപ്പുളവാക്കുന്നതും ചീഞ്ഞളിഞ്ഞതുമായ മാലിന്യം നീക്കി ശുചീകരിക്കാനുള്ള ചേതോ വികാരം എന്താണെന്നു ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത് 'നിങ്ങള്‍ക്ക് നാണമില്ലേ ഈ മനോഹര തീരത്തെ ഇവ്വിധം വികൃതമാക്കാന്‍. ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ നിങ്ങള്‍ മലയാളികള്‍ വിദ്യാഭ്യാസവും ശുചിത്വവും ഉള്ളവരാണെന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ പ്രകൃതിയെ നശിപ്പിക്കാനാണോ വിദ്യാഭ്യാസം നേടിയത്' എന്നാണ്. 
      അതെ, രണ്ടക്ഷരം പഠിച്ചു പോയാല്‍ തൂമ്പ എടുക്കാന്‍ മടി കാണിക്കുന്ന നമ്മള്‍ ഇവരുടെ ഈ പ്രവൃത്തി കണ്ടു പഠിക്കേണ്ടതാണ്. കയ്യും കെട്ടി നോക്കി രസിച്ചത് ഒട്ടും ശരിയായില്ല.

അഭിപ്രായങ്ങളൊന്നുമില്ല: