

(അന്‍വര്‍ഷാ, ഉമയനലൂര്‍)
നീയൊരു ശലഭമായ്ത്തീര്‍ന്നു- പക്ഷെ
ഞാനതേ പൂവായ്ത്തുടര്‍ന്നു
പാറുന്നകലെ, നീ മലരുകളില്‍- എന്നാല്‍
ഞാനിന്നു പെരുവഴിയില്‍.
കനവുകളിതളുകളായ്ക്കൊഴിഞ്ഞു- മമ
വേദന കവിതകളായ്പ്പിറന്നു,
വിരഹമോ വേനലായുരുകിടുന്നു- പ്രിയ-
സ്മരണകളെന്‍ ഹൃത്തുലച്ചിടുന്നു.
ഞാനീ ധരയിലലിഞ്ഞു ചേരാന്‍-ജീവ-
ചൈതന്യ മധുരം മറഞ്ഞുപോകെ,
രാവേറെയായപോല്‍ നീയകന്നു; ദൂരെ-
സൂനാനുരാഗരസം തിരഞ്ഞു.
ഇറ്റു സ്മേരംപോലുമന്യമായി- സഖീ-
യിടറുന്ന സ്പന്ദനമര്‍ത്ഥനയായ്
നിന്നസാന്നിദ്ധ്യമെന്നശ്രുവായി - പക്ഷെ
നീ മാത്രമെന്നെ മറന്നുപോയി.
തൂനിലാവിതു വഴി വന്നുപോകെ- കാലം
പലകുറിയെന്നെ സ്മരിച്ചിരുന്നു
നീമാത്രമെന്നെ മറന്നകന്നു; പ്രാണ-
നറിയാതെ ചിറകൊതുക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ