
(അന്‍വര്‍ഷാ, ഉമയനല്ലൂര്‍)
നന്‍മതന്‍ ചിറകടിയൊച്ചക്ക് കാതോര്‍ത്തു
പതിയെ പുറത്തേക്കിറങ്ങാം .
നിത്യം ജ്വലിക്കുവാന്‍ ചിന്തയാം ദീപത്തില്‍-
നിന്നു കരിന്തിരി മാറ്റാം
പുതിയ വെളിച്ചം പകര്‍ന്നു കൊണ്ടെളിമതന്‍-
കിരണങ്ങളാകാന്‍ ശ്രമിക്കാം.
നൂലുപോള്‍ മെലിയുമീ സ്നേഹ വിശ്വാസങ്ങള്‍
ശ്രദ്ധിച്ചൊരുക്കിയെടുക്കാം
പച്ചപ്പു നില നിര്‍ത്തിടാന്‍ നമുക്കൊരുമയോ-
ടന്പിന്‍റെ പാടം നനയ്ക്കാം.
പുലരിയോടോപ്പമുണര്‍ന്നെണീറ്റെത്തുന്ന-
യഴകുള്ള ശലഭങ്ങളെപ്പോള്‍
ഇച്ചെറുജീവിതത്തേന്‍ നുകര്‍ന്നീടുവാന്‍
പച്ച മനുഷ്യരായ്ത്തീരാം.
മാറാലയൊന്നാകെ നീക്കിടാം നാടിന്‍റെ-
ഹൃദയത്തുടിപ്പായി മാറാം
നിഴലായിടാതെ നാം നേരിന്‍തെളിച്ചമായ്
പാരിന്നുപകാരിയാകാം.
മനസ്സില്‍ മതിലുയര്‍ത്താതെ, ദുരാശതന്‍-
കൂര്‍ത്തമുള്‍വേലി കെട്ടാതെ
ഞാനെന്ന, നീയെന്ന വേര്‍തിരിവില്ലാതെ-
നമ്മള്‍ക്കു മുന്നോട്ടുപോകാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ