28.3.10

കാലം

തലമുറകള്‍വന്നു പോയ്‌മറയും, മണ്ണില്‍
ഒരുപിടി സ്വപ്‌നങ്ങള്‍ പുനര്‍ജ്ജനിയ്ക്കും.
മധുരം പ്രതീക്ഷിച്ച ജീവിതങ്ങള്‍, പക്ഷെ
കണ്ണീരില്‍ മുങ്ങിത്തിരിച്ചുപോകും.


കാലത്തിനൊപ്പം നടക്കാന്‍ ശ്രമിക്കവേ,
കാല്‍ കുഴഞ്ഞിടറിത്തളര്‍ന്നു വീഴും;
കൈത്താങ്ങു നല്‍കാതൊഴിഞ്ഞുമാറി, കാല-
മറിയാത്തപോലെ കടന്നുപോകും.


വാസന്തമേറെയകന്നു നില്‍ക്കും, പാവം
മര്‍ത്യരോ ശിശിരങ്ങളായ്ക്കൊഴിയും,
നറുമണം സ്വപ്നത്തിലെന്ന പോലെ, വെറു-
മോര്‍മ്മയില്‍ മാത്രമൊതുങ്ങി നില്‍ക്കും.


അറിയാതെ ജീവന്‍ കൊഴിഞ്ഞുപോകേ, നവ-
മുകുളങ്ങള്‍ പുലരികളായ് വിടരും
സ്വപ്നങ്ങളീറനുടുത്തു നില്‍ക്കും മര്‍ത്യ-
നുലകത്തില്‍ സിംഹാസനത്തിലേറും.

വരളുന്ന പുളിനാമം ജീവിതങ്ങള്‍, ചിലര്‍
ബലിദാനമേകിക്കടന്നു പോകും,
തളരാത്ത മോഹങ്ങള്‍, പിന്നെയുമീ നവ-
തലമുറകള്‍ വന്നു മഞ്ചലേറ്റും.


മായാ പ്രപഞ്ചത്തിലിനിയും വരും, പുത്ത-
നീയാം പാറ്റകളായ് മനുഷ്യര്‍,
ചിറകറ്റു പോകും ദിനങ്ങളിലോര്‍മ്മതന്‍
കടലാസുതോണികളായൊഴുകാന്‍.

 (അന്‍വര്‍ ഷാ, ഉമയനല്ലൂര്‍)

അഭിപ്രായങ്ങളൊന്നുമില്ല: