25.9.09

ഇതളൊഴിയുന്നു









(അന്‍വര്‍ഷാ, ഉമയനലൂര്‍)
നീയൊരു ശലഭമായ്ത്തീര്‍ന്നു- പക്ഷെ
ഞാനതേ പൂവായ്ത്തുടര്‍ന്നു
പാറുന്നകലെ, നീ മലരുകളില്‍- എന്നാല്‍
ഞാനിന്നു പെരുവഴിയില്‍.
കനവുകളിതളുകളായ്ക്കൊഴിഞ്ഞു- മമ
വേദന കവിതകളായ്പ്പിറന്നു,
വിരഹമോ വേനലായുരുകിടുന്നു- പ്രിയ-
സ്മരണകളെന്‍ ഹൃത്തുലച്ചിടുന്നു.
ഞാനീ ധരയിലലിഞ്ഞു ചേരാന്‍-ജീവ-
ചൈതന്യ മധുരം മറഞ്ഞുപോകെ,
രാവേറെയായപോല്‍ നീയകന്നു; ദൂരെ-
സൂനാനുരാഗരസം തിരഞ്ഞു.
ഇറ്റു സ്മേരംപോലുമന്യമായി- സഖീ-
യിടറുന്ന സ്പന്ദനമര്‍ത്ഥനയായ്
നിന്നസാന്നിദ്ധ്യമെന്നശ്രുവായി - പക്ഷെ
നീ മാത്രമെന്നെ മറന്നുപോയി.
തൂനിലാവിതു വഴി വന്നുപോകെ- കാലം
പലകുറിയെന്നെ സ്മരിച്ചിരുന്നു
നീമാത്രമെന്നെ മറന്നകന്നു; പ്രാണ-
നറിയാതെ ചിറകൊതുക്കുന്നു.

24.9.09

വയലാര്‍.... താങ്കള്‍ക്കു മരണമില്ല










ഉജ്വല കവിതകളേറെ രചിച്ചും  
വരികളിലാദര്‍ശങ്ങള്‍ നിറച്ചും
നാടിനു പുത്തനുണര്‍വ്വു പകര്‍ന്നും
യുവജന മനസുകള്‍ വായിച്ചും,
ചോര കുതിര്‍ന്നു ചുവന്നൊരു മണ്ണിന്‍
ശൌര്യം ചോരാതൊരു കാലം
തൂലിക പടവാളാക്കി വളര്‍ന്നൊരു
വയലാറിന്‍ പ്രിയ കവിരാജന്‍
സ്വപ്നം പോല്‍ തവ ജീവിത മലരീ-
യുലകില്‍ നിന്ന് കൊഴിഞ്ഞിട്ടും
പുതു പുതു ചിറകടിയുയരും മണ്ണില്‍
വത്സരമെത്ര കഴിഞ്ഞിട്ടും
അങ്ങയുടോര്‍മ്മകളിന്നും നെഞ്ചിന്‍-
മഞ്ചലിലേറ്റി നടക്കുന്നു;
കൈരളിതന്‍ പൊന്‍ നിധിയാകും നിന്‍
കവിതകള്‍ ഞങ്ങള്‍ പാടുന്നു.
വര്‍ദ്ധിത മര്‍ദ്ദക വര്‍ക്ഷത്തിന്‍ ചതി-
വീര്യത്തോടെയെതിര്‍ക്കാനും
മാനവരൊന്നാണെന്ന വിചാരം
മണ്ണിന്‍ മക്കള്ക്കേകാനും,
വിപ്ലവ ഗാഥകളെഴുതിയ താവക
രചനകളുപദേശീക്കുമ്പോള്‍
ഓരോ വരിയിലുമുയരും ഹൃദയ-
സ്പന്ദന മെന്തെന്നറിയുന്നു;
അഭിവാദ്യത്തിന്‍ ഹാരം ഞങ്ങള്‍
തവ സ്മരണയിലണിയിക്കുന്നു.
മര്‍ത്യ വിമോചന മന്ത്ര മുയര്‍ന്നൊരു-
നാടിന്‍ മകനായ് ജീവിച്ചും ചങ്ങാതികളുടെയിടയില്‍ നവ നവ ചിന്തകള്‍ പാകി മുളപ്പിച്ചും അര്‍ത്ഥമറിഞ്ഞു രചിച്ചവയെല്ലാം പത്തരമാറ്റെന്നറിയിച്ചും എത്തീ വേഗം കാവ്യ കുലത്തി- ന്നമരത്തൊരുനാളൊരു-താരം കൊല്ലമതെത്ര കഴിഞ്ഞും ചിന്തയി-
ലിന്നും തെളിയുന്നൊരു ദീപം; വയലാറെന്നയനശ്വര രൂപം കാവ്യ കലയുടെ പര്യായം. (അന്‍വര്‍ഷാ, ഉമയനല്ലൂര്‍)




എല്‍.പി.ജി. ബുക്കിംഗ്


എസ്.എം.എസ് സന്ദേശത്തിലൂടെ എല്‍.പി.ജി. ബുക്കിംഗ്

എസ്.എം.എസ് സന്ദേശത്തിലൂടെ പാചക വാതക റീഫില്‍ സിലിണ്ടര്‍ ബുക്ക്‌ ചെയ്യാനുള്ള സൗകര്യം കേരളത്തില്‍ നിലവില്‍ വന്നു.
ഇന്‍ഡേന്‍ ഉപയോക്താക്കള്‍ 64625 എന്ന നമ്പരിലേക്കാണ് എസ്.എം.എസ് അയയ്ക്കേണ്ടത്.
ഭാരത് ഗ്യാസ്‌ ഉപയോക്താക്കള്‍
Vodafone ,ഐഡിയ,ടാറ്റാ,എയര്‍ടെല്‍,എം.ടി.എന്‍.എല്‍ - 52725
BSNL തുടങ്ങി മറ്റു കണക്ഷന്‍ - 7333
എസ്.എം.എസ് ബുക്കിംഗ് സേവനം ആഗ്രഹിക്കുന്നവര്‍ ആദ്യം മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യണം. ഓരോ മൊബൈല്‍ നമ്പറിലും ഒറ്റ കണക്ഷന്‍ മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കു; അതേ സമയം ഓരോ കണക്ഷനും രണ്ട്‌ മൊബൈല്‍ നമ്പരുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുവാദമുണ്ട്.
ഭാരത് ഗ്യാസ്‌ ഉപയോക്താക്കള്‍ രജിസ്ട്രേഷനായി REG (സ്പേസ്) ഡിസ്ട്രി ബ്യുട്ടറുടെ എസ്.എ.പി. കോഡ്(സ്പേസ്) കണ്‍സ്യുമര്‍ നമ്പര്‍ എന്ന രീതിയില്‍ എസ്.എം.എസ് അയയ്ക്കണം.
ഇന്‍ഡേന്‍ ഉപയോക്താക്കള്‍ എസ്.എ.പി. കൊടിനു പകരം ഏജന്‍സിയുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടുത്തി വേണം എസ്.എം.എസ് അയയ്ക്കാന്‍.
രജിസ്ട്രേഷന്‍ വിജയകരമായി പൂര്‍ത്തിയായാല്‍ കമ്പ്യൂട്ടര്‍ സംവിധാനത്തില്‍ മറുപടി എസ്.എം.എസ് ലഭിക്കും.
രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പരില്‍ നിന്ന് എല്‍.പി.ജി എന്ന് എസ്.എം.എസ് അയച്ച് റീഫില്‍ സിലിണ്ടര്‍ ബുക്ക്‌ ചെയ്യാം. ഇതോടെ ബുക്കിംഗ് നമ്പര്‍ സഹിതം മറുപടി എസ്.എം.എസ് ലഭിക്കും; കൂടാതെ ഏജന്‍സിയില്‍ നിന്ന് സിലിണ്ടര്‍ ബില്‍ ചെയ്താലുടന്‍ ആ വിവരമറിയിച്ചും എസ്.എം.എസ് ലഭിക്കും.


23.9.09

വാതില്‍ തുറക്കാം


(അന്‍വര്‍ഷാ, ഉമയനല്ലൂര്‍)

നമുക്കുമീ വാതില്‍ തുറക്കാം
നന്‍മതന്‍ ചിറകടിയൊച്ചക്ക് കാതോര്‍ത്തു
പതിയെ പുറത്തേക്കിറങ്ങാം .
നിത്യം ജ്വലിക്കുവാന്‍ ചിന്തയാം ദീപത്തില്‍-
നിന്നു കരിന്തിരി മാറ്റാം
പുതിയ വെളിച്ചം പകര്‍ന്നു കൊണ്ടെളിമതന്‍-
കിരണങ്ങളാകാന്‍ ശ്രമിക്കാം.
നൂലുപോള്‍ മെലിയുമീ സ്നേഹ വിശ്വാസങ്ങള്‍
ശ്രദ്ധിച്ചൊരുക്കിയെടുക്കാം
പച്ചപ്പു നില നിര്‍ത്തിടാന്‍ നമുക്കൊരുമയോ-
ടന്പിന്‍റെ പാടം നനയ്ക്കാം.
പുലരിയോടോപ്പമുണര്‍ന്നെണീറ്റെത്തുന്ന-
യഴകുള്ള ശലഭങ്ങളെപ്പോള്‍
ഇച്ചെറുജീവിതത്തേന്‍ നുകര്‍ന്നീടുവാന്‍
പച്ച മനുഷ്യരായ്ത്തീരാം.
മാറാലയൊന്നാകെ നീക്കിടാം നാടിന്‍റെ-
ഹൃദയത്തുടിപ്പായി മാറാം
നിഴലായിടാതെ നാം നേരിന്‍തെളിച്ചമായ്‌
പാരിന്നുപകാരിയാകാം.
മനസ്സില്‍ മതിലുയര്‍ത്താതെ, ദുരാശതന്‍-
കൂര്‍ത്തമുള്‍വേലി കെട്ടാതെ
ഞാനെന്ന, നീയെന്ന വേര്‍തിരിവില്ലാതെ-
നമ്മള്‍ക്കു മുന്നോട്ടുപോകാം.

പൊടിക്കൈകള്‍



കറ കളയാന്‍


തുണികളിലെ മിക്കവാറും എല്ലാ കറകളും കളയാന്‍ തക്കാളി നീരില്‍ മുക്കിയ തുണി ഉപയോഗിച്ച് കറയുള്ള ഭാഗം അമര്‍ത്തിത്തുടച്ച് ഒരു മണിക്കൂറിനുള്ളില്‍ കഴുകി കളയുക.
വസ്ത്രങ്ങളില്‍ മഷി പുരണ്ടാല്‍ തൈര് പുരട്ടി അര മണിക്കൂറിനു ശേഷം സോപ്പും ചൂടു വെള്ളവും ഉപയോഗിച്ചു കഴുകുക.
പട്ടു സാരിയില്‍ സാധാരണ കറകള്‍ പുരണ്ടാല്‍ കറയ്ക്ക് മീതെ പശുവിന്‍ പാല്‍  പുരട്ടി കഴുകുന്നത് ഗുണം ചെയ്യും.
വസ്ത്രങ്ങളില്‍ തുരുമ്പ് കറ പിടിച്ചാല്‍ അത് മാറ്റാന്‍ അല്‍പ്പം വാളന്‍ പുളി പിഴിഞ്ഞെടുത്ത ചാര്‍ പുരട്ടി ഒരു മണിക്കൂറിനുള്ളില്‍ കഴുകി കളയുക.
വസ്ത്രങ്ങളില്‍ ടാര്‍ പുരണ്ടാല്‍ തുണിക്ക് കേടുപറ്റാത്ത വിധത്തില്‍ ആവുന്നത്ര ചുരണ്ടിക്കളയുക. അതിനുശേഷം തുണിയില്‍ യൂക്കലിപ്ടസ് പുരട്ടി കട്ടിയുള്ള സ്പോഞ്ചു കൊണ്ട് ഒപ്പിയെടുക്കുക.
വസ്ത്രങ്ങളില്‍ തേയിലക്കറ പുരണ്ടാല്‍ അല്പം ചെറു നാരങ്ങ നീരും ഉപ്പും പുരട്ടി കഴുകി വൃത്തിയാക്കുക.



ഔഷധ സസ്യങ്ങള്‍

തുളസി
ഒരു ഔഷധ സസ്യം എന്നല്തിലുപരി നമ്മുടെ സംസ്കാരത്തിന്‍റെ പ്രതീകം കൂടിയാണ് തുളസി. യാതൊരുവിധ പരിചരണവും കൂടാതെ നാട്ടുവളര്‍ത്താവുന്ന ഒരു സസ്യമാണ് ഇത്. പനി,ചുമ,ശ്വാസ തടസ്സം,ചെറു ജീവികള്‍ കടിച്ച് ഉണ്ടാകുന്ന നീര് ഇവയില്‍ ഉപയോഗപ്പെടുത്താവുന്നതാണ്.
ഇഞ്ചി
വളരെ ഉപയോഗമുള്ള ഔഷധം. ദഹന ശക്തി വര്‍ദ്ധിപ്പിക്കുന്നതിന് അത്യുത്തമം. അനായാസേന നട്ടു വളര്‍ത്താം. വെറ്റില വള്ളികള്‍ മുറിച്ച് നട്ടു പിടിപ്പിക്കാം. ചുമ,ശ്വാസ തടസ്സം ഇവയില്‍ ഉപയോഗപ്പെടുത്താം
മഞ്ഞള്‍
ഔഷധവും ആഹാരവുമായി ഉപയോഗപ്പെടുത്താവുന്നതാണ്. വിഷ സ്വഭാവമുള്ള ഏത് പദാര്‍ ത്ഥത്തിന്‍റെയും ശുദ്ധിക്ക് ഉപയോഗിക്കുന്നു. വളരെയധികം ഔഷധ ഗുണങ്ങളുണ്ട്.
ആടലോടകം
ഉദ്യാനത്തിന്‍റെ അതിരില്‍ വച്ച് പിടിപ്പിക്കാം. ചുമ,ശ്വാസ തടസ്സം ഇവയില്‍ ഉപയോഗപ്പെടുത്താം
കരിനൊച്ചി
സന്ധി വേദനക്ക് പ്രധാനമായും ഉപയോഗപ്പെടുത്താം. ആടലോടകത്തെ പോലെ ഉദ്യാനത്തിന്‍റെ അതിരില്‍ വച്ച് പിടിപ്പിക്കാം


സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട - ഗ്യാസ് സ്റ്റൌവ്


സിലിണ്ടറില്‍ നിന്നു സ്റ്റൌവിലേക്കുള്ള റബ്ബര്‍ ട്യൂബ് ആറുമാസത്തില്‍ ഒരിക്കലെങ്കിലും മാറ്റി പുതിയത് ഘടിപ്പിക്കണം. റബ്ബര്‍ ട്യൂബിനു പുറത്ത് അലൂമിനിയം,പ്ലാസ്റ്റീക് എന്നിവ കൊണ്ടുള്ള കവറുകള്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ട്യൂബില്‍ എവിടെ എങ്കിലും ചോര്‍ച്ചയുണ്ടെങ്കില്‍ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയില്ല. നല്ല വായു സഞ്ചാരമുള്ള സ്ഥലത്തു വേണം ഗ്യാസ് സ്റ്റൌവ് സ്ഥാപിക്കാന്‍. ഉപയോഗത്തിന് ശേഷം സ്റ്റൌവ് മാത്രമല്ല സിലിണ്ടറും ഓഫ് ചെയ്യണം. സ്റ്റൌവിന്‍റെ ബര്‍ണര്‍ കരടു വീണ് അടയാന്‍ സാധ്യതയുണ്ട്. ഈര്‍ക്കിലി,സേഫ്ടി പിന്‍ എന്നിവ ഉപയോഗിച്ച് ബര്‍ണര്‍ വൃത്തിയാക്കുക. ഗ്യാസ് സ്റ്റൌവ് വൃത്തിയാക്കാന്‍ മണ്ണെണ്ണ ഉപയോഗിക്കരുത്. സിലിണ്ടര്‍ ചരിച്ചിട്ട് ഉപയോഗിക്കാന്‍ പാടില്ല. ഗ്യാസ് ലീക്ക് ചെയ്തുവെന്ന് ബോദ്ധ്യപെട്ടാല്‍ ഉടനെ വാതിലുകളും ജനാലകളും തുറന്നിടുക. ഇലക്ട്രിക് സ്വിച്ചുകള്‍ ഒരു കാരണവശാലും പ്രവര്‍ത്തിപ്പിക്കരുത്.


22.9.09

ഉത്തരം പറയാമോ?

1) ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക വര്‍ഷിച്ച ബോംബിനു അവര്‍ നല്‍കിയിരുന്ന ഓമനപ്പേരുകള്‍?
2) സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി വിന്‍സ്ടന്‍ ചര്‍ച്ചില്‍ എഴുതിയ ഒരേയൊരു നോവല്‍?
3) രണ്ടാം ലോക മഹായുദ്ധ കാലത്ത്‌ ഒളിവില്‍ കഴിഞ്ഞ ഒരു ജൂത പെണ്‍കുട്ടി പ്രസിദ്ധമായ ഒരു ഡയറി എഴുതിയിട്ടുണ്ട്. ആരാണത്?
4) ഒളിമ്പിക്സില്‍ വ്യക്തിഗത ഇനത്തില്‍ സ്വര്‍ണം നേടിയ ആദ്യ ഇന്ത്യക്കാരന്‍?
5) ഏത് നദിക്ക് കുറുകെയാണ് അസ്വാന്‍ അണക്കെട്ട്?
6) 2008-ലെ ലോക ജൂനിയര്‍ ബാറ്റ്മിന്ടന്‍ കിരീടം നേടിയ ഇന്ത്യന്‍ താരം?
7) DOTS ഏത് രോഗത്തിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ടിരിക്കുന്നു?
8) മാഗ്സസെ അവാര്‍ഡ് നേടിയ ഒരേയൊരു പോലീസ്‌ ഓഫിസ്സര്‍ ?
9) ജലം ശുദ്ധീകരിക്കാന്‍ ഉപയോഗിക്കുന്ന വാതകം?
10) Hercule Pirot എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്‌?

ഉത്തരം ..

1) ലിറ്റില്‍ ബോയ്‌, ഫാറ്റ് മാന്‍
2) Shavola
3) ആന്‍ ഫ്രാങ്ക്
4) അഭിനവ് ബിന്ദ്ര
5) നൈല്‍
6) സൈന നെവാള്‍
7) ക്ഷയം
8) കിരണ്‍ ബേദി
9) ബോറോണ്‍
10) അഗതാ ക്രിസ്റ്റി

21.9.09

ഇല്ലാത്തത്



(അന്‍വര്‍ഷ, ഉമയനല്ലൂര്‍)

തൂണുകള്‍ താങ്ങുവാനില്ലാത്തയംബര-

മത്ഭുതംതന്നെയല്ലേ;

വറ്റാത്തയോരോ സമുദ്രവുമീവിധം
ചിന്തക്കതീതമല്ലേ?

ജീവനും പാവനജീവിതവുംതന്ന-
താരെന്നറികയില്ലേ
സൂര്യ-ചന്ദ്രന്മാരഴകുപകരുന്ന

പാരിന്നധിപനില്ലേ?
ഭാഷകള്‍ മാറുന്നതിര്ത്തി കള്‍ക്കപ്പുറ-
മെന്തന്നറിയുന്നതില്ലേ

വേഷപ്പകര്‍ച്ചകളാടിയൊടു വില്‍ നാം
മണ്ണില്‍ മടങ്ങുകില്ലേ?
സ്വപ്നങ്ങള്‍ കാണാതിരുന്നവരില്ലെ-
ന്നറിവു നാം നേടിയില്ലേ;
പുഷ്പങ്ങളില്ലാത്തയൂഴിയെ, യോര്‍ക്കുവാ-
നിറ്റു പ്രയാസമല്ലേ?

കണ്ണുനീര്‍ വീഴ്ത്താതെ ഭൂലോകമല്പവു-
മിന്നു ചലിക്കുകില്ലേ
ശാസ്ത്രം വളരുന്ന കാലമിതെങ്കിലും
ശാന്തി പരക്കുകില്ലേ?

19.9.09

നബി വചനങ്ങള്‍

മനുഷ്യ ശരീരത്തില്‍ ഒരു മാംസ കഷണമുണ്ട് അത് നന്നായാല്‍ എല്ലാം നന്നായി. അത് ദുഷിച്ചാല്‍ എല്ലാം ദുഷിച്ചു . അതാണ് ഹൃദയം.

താന്‍ ഇഷ്ടപ്പെടുന്നതെന്തോ അതു തന്‍റെ കൂട്ടുകാരനും ഇഷ്ടപ്പെടുന്നത് വരെ നിങ്ങളില്‍ ആരും സത്യ വിശ്വാസി ആകുന്നില്ല

തന്നേക്കാള്‍ ആരോഗ്യവും ധനവും ഉള്ളവരിലെക്ക് നോക്കുന്നവന്‍ അത് രണ്ടും കുറഞ്ഞ വരിലേക്കും നോക്കി കൊള്ളട്ടെ.

വിശ്വാസം നഗ്നമാണ്, അതിന്‍റെ വസ്ത്രം പ്രാര്‍ത്ഥനയും അലങ്കാരം ലജ്ജാശീലവും ഫലം അറിവുമാകുന്നു.

പണ്ഡിതന്‍റെ മഷിയാണ് രക്തസാക്ഷിയുടെ രക്തത്തെക്കാള്‍ ഏറെ വിശുദ്ധം.


പൊന്നോണം



(അന്‍വര്‍ ഷാ , ഉമയനല്ലൂര്‍)

മാവേലി മന്നനെത്തും സുദിനം

ആഘോഷമാക്കിത്തീര്‍ക്കുവാ നായ്‌

താരകള്‍ കണ്‍ചി മ്മി നോക്കിനില്‍ക്കെ

ശാലീന ചിങ്ങമെത്തി ചാരെ.

പൂക്കാലമെന്‍ ഗ്രാമവാടിയാകെ

മലര്‍മാലകൊണ്ടിന്നലങ്കരിക്കെ

വര്‍ഷ മേഘങ്ങളകന്നു പോയ്

കര്‍ഷകര്‍ക്കാഹ്ലാദ നാളുകളായ്.

ചെറുനവ ഗാനങ്ങളാലപിക്കും

പറവകളുളളയീ നാട്ടിലാകെ

പരിമളം ചാര്‍ത്തുന്ന കാറ്റുണര്‍ന്നു

പുതുചിത്തമേകാനുഷസ്സുവന്നു.

മധുവസന്തത്തിന്‍ കുളിര്‍മ്മയുമായ്

തിരുവോണമേറെയടുത്തുനിന്നു

വെണ്‍മേഘ പാളികളംബരത്തില്‍

അപ്പൂപ്പന്‍ താടിപോലെ പറന്നു.

പൊന്നോണച്ചിന്തുകള്‍ പാടി ഞാനും

പൂക്കളിറുത്തിന്നൊരുക്കി വയ്ക്കെ

അത്തക്കളത്തിനു മോടികൂട്ടാന്‍

മുത്തുക്കുട ചൂടിയെത്തിയര്‍ക്കന്‍

തുമ്പികളും ചിത്രശലഭങ്ങളും

ഇംപമോടിവിടെപ്പറന്നണഞ്ഞു

പൊന്‍കുഞ്ഞു മക്കളീ നല്ല നാളില്‍

മുത്തശ്ശിയോടൊത്ത് കഥ പറഞ്ഞു.

നൈര്‍മല്യ മാനസ ഗ്രാമീണരെന്‍

നാട്ടിലാകെതീര്‍ത്തു പൂക്കളങ്ങള്‍

മാലോകരൊന്നായുണര്‍ന്നു പാടി

പൊന്നോണ സ്വാഗത പുണ്യ ഗാനം.


പിണക്കം


നേരം സന്ധ്യയായിട്ടും അവളെ കാണാതായപ്പോള്‍ മനസ്സു വല്ലാതെ വേദനിച്ചു " എന്തേ അവള്‍ വരാത്തത്? ഇന്നലത്തെ പിണക്കമായിരിക്കുമോ?"

ഇന്നലെ അത്താഴമുണ്ണാനിരുന്നപ്പോള്‍ അവള്‍ വന്നു അമ്മ എനിക്ക് വേണ്ടി ഒരുക്കി വച്ചിരുന്ന ആഹാരത്തില്‍ നിന്നും അല്‍പ്പമെടുത്ത് കഴിച്ചു കളഞ്ഞു. അമ്മ അവള്‍ക്കൊരടി കൊടുത്തു. അവള്‍ക്കു വേദനിച്ചു.

" നീ ഒരുത്തനാ അവളെ വഷളാക്കുന്നെ" അമ്മയുടെ കുറ്റപ്പെടുത്തല്‍ എനിക്കിഷ്ടപ്പെട്ടില്ല. "

എനിക്ക് വേണ്ടി ഒരുക്കിയത് അവള് കഴിച്ചെന്നും പറഞ്ഞു നഷ്ടമൊന്നുമില്ലല്ലോ?" ഞാന്‍ പറഞ്ഞത് അമ്മക്ക് ഇഷ്ടപെട്ടില്ല. അമ്മയുടെ മുഖം വീര്‍ത്തു.

ജെസി എന്നെ നോക്കി കരയുകയണ് അവളുടെ കണ്ണുനീര്‍ കാണുവാനുള്ള കരുത്ത് എനിക്കില്ലായിരുന്നു.

ആരെയും വശീകരിക്കുന്നതാണ് ജെസിയുടെ സൌന്ദര്യം. അത്കൊണ്ടു മാത്രമാണ് ഞാനവളെ സ്നേഹിക്കുന്നത്. അമ്മക്ക് അവളോട്‌ വെറുപ്പാണ്. അനാഥയായ അവളെ ഞാന്‍ കൊണ്ടു വന്നപ്പോള്‍ അമ്മ എന്നെ ഒരുപാട് ശകാരിച്ചു. പക്ഷെ, അതൊന്നും ഞാന്‍ ചെവിക്കൊണ്ടില്ല.

"ജെസി കരയാതെ..." ഞാനവളെ സമാധാനിപ്പിക്കുവാന്‍ ശ്രമിച്ചു.

ഞാന്‍ അവള്‍ക്കിട്ട പേരാണു ജെസി. ആദ്യമൊക്കെ എന്റെ കൊമ്പന്‍ മീശ കാണുമ്പോഴേക്കും അവള്‍ ഓടി ഒളിക്കുമായിരുന്നു. ക്രമേണ എന്നോട് അവള്‍ അടുക്കുവാന്‍ തുടങ്ങി. അവളുടെ നീല കണ്ണുകള്‍ എന്നെ വല്ലാതെ വശീകരിച്ചു.

ജെസി കരച്ചില്‍ നിര്‍ത്തുന്ന മട്ടില്ല.

"അയ്യേ, കൊച്ചു കുട്ടികളെപ്പോലെ കരയുകയാണോ?" എന്‍റെ ചോദ്യം കേട്ടതായി ഭാവിക്കാതെ കരഞ്ഞു കൊണ്ടുതന്നെ അവള്‍ എന്‍റെ മുറിയിലേക്ക് പോയി.

എനിക്ക് വിശപ്പ് തോന്നിയില്ല. പേരിനുവേണ്ടി സ്വല്പം ആഹാരം കഴിച്ചിട്ട് കയ്യ് കഴുകുവാന്‍ എഴുന്നേറ്റപ്പോള്‍ അമ്മ പറഞ്ഞു "പിണങ്ങിയ മട്ടാണ്; കൊച്ചുകുട്ടിയെന്ന വിചാരം. പ്രായ പൂര്‍ത്തിയായ ഒരു പെണ്ണാണന്ന ബോധമൊന്നും അവള്‍ക്കില്ല. രണ്ട് കൊടുതില്ലയിരുന്നെങ്കില്‍ നാളെയും ഇതാവര്‍ത്തിക്കും."

എന്‍റെ മറുപടി ഒരു മൂളല്‍ മാത്രമായിരുന്നു.

മുറിയില്‍ ചെന്നപ്പോള്‍ ജെസി കട്ടിലില്‍ച്ചുരുണ്ട്കൂടിക്കിടക്കുന്നു. "ജെസി" ഞാന്‍ വിളിച്ചപ്പോള്‍ അവള്‍ കണ്ണ് തുറന്നൊന്നു നോക്കിയിട്ട് പഴയപടി കിടന്നു. അവളെ ശല്യപ്പെടുത്തെണ്ടെന്നു കരുതി ഞാന്‍ ഒരരികിലായി കിടന്നു. എന്‍റെ മനസ്സില്‍ അവളെക്കുറിച്ചുള്ള ചിന്തകളായിരുന്നു. ഞാന്‍ കൊടുത്ത അധിക വാല്‍സല്യം മൂലമാണ് അവള്‍ അധികാരത്തോടെ എനിക്ക് വിളമ്പിവെച്ച ആഹാരം കഴിച്ചത്. അമ്മയെ ധിക്കരിചെന്നു അമ്മ വിചാരിച്ചു കാണും. എങ്കിലും എന്‍റെ കണ്മുന്നില്‍വെച്ച് അവളെ തല്ലരുതായിരുന്നു.

അമ്മയില്ലാതെ വളര്‍ന്ന അവളുടെ മനസ്സ് വേദനിക്കുന്നത് കാണുവാനുള്ള ശക്തി എനിക്കില്ലായിരുന്നു. അവളെ ആശസിപ്പിക്കുവനായി എന്‍റെ കര വലയങ്ങള്‍ക്കുള്ളില്‍ ഒതുക്കുവാന്‍ ശ്രമിച്ചപ്പോള്‍ ങ്യാവൂ.. ങ്യാവൂ.. എന്ന് കരഞ്ഞുകൊണ്ട് ജെസി ജന്നല്‍ വഴി പുറത്തേക്ക് പാഞ്ഞു.

പിന്നെ ഇതുവരെ അവള്‍ മടങ്ങി വന്നില്ലല്ലോ എന്നോര്‍ത്തപ്പോള്‍ എനിക്ക് ദുഃഖം സഹിക്കാനായില്ല.

൦൦൦൦൦൦൦൦൦൦

നിങ്ങളുടെ സ്വന്തം ബാബുജി